ഓപ്പറേഷൻ തൂഫാൻ 2.0 പ്രവർത്തനങ്ങൾ
കരുംകുളം ഗ്രാമപഞ്ചായത്ത്
ഓപ്പറേഷൻ തൂഫാൻ 2.0 (OPERATION THOOFAN 2.0)
ലഹരിക്കെതിരെ ജനസേന — ഞാൻ എന്റെ നാടിന്റെ കാവലാൾ!
ലഹരിമരുന്നുകളുടെ ഉപയോഗത്തിനും അനധികൃത വിപണനത്തിനുമെതിരെ കേരള പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന സമഗ്ര ജനകീയ പ്രതിരോധ പദ്ധതിയായ 'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടം (തൂഫാൻ തദ്ദേശം / തൂഫാൻ 2.0) കരുംകുളം ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്നു.
കരുംകുളം ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും പൂർണ്ണമായും ലഹരിമുക്തവും സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പ്രധാന പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും:
- വാർഡ് തല തൂഫാൻ സമിതികൾ:കരിംകുളം ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും ജനപ്രതിനിധികൾ, കുടുംബശ്രീ, ആശാ പ്രവർത്തകർ, ഹരിതകർമ്മ സേനാംഗങ്ങൾ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരെ ഉൾപ്പെടുത്തി 10 പേരടങ്ങുന്ന 'തൂഫാൻ സമിതികൾ' രൂപീകരിച്ച് പ്രദേശങ്ങളിൽ ജാഗ്രത ശക്തമാക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള സംരക്ഷണം:ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്കൂളുകൾക്കും കോളജുകൾക്കും സമീപമുള്ള കടകളിലും പൊതുസ്ഥലങ്ങളിലും ലഹരി വിൽപനയോ കൈമാറ്റമോ നടക്കുന്നില്ല എന്ന് ഉറപ്പുവരുത്താൻ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തുന്നു.
ജനകീയ പങ്കാളിത്തവും ബോധവൽക്കരണവും:"ഞാൻ എന്റെ നാടിന്റെ കാവലാൾ" എന്ന സന്ദേശമുയർത്തി പഞ്ചായത്തിലെ യുവജനങ്ങളെയും പൊതുജനങ്ങളെയും അണിനിരത്തി ബോധവൽക്കരണ പ്രചാരണങ്ങളും പ്രത്യേക 'തൂഫാൻ ഗ്രാമസഭകളും' സംഘടിപ്പിക്കുന്നു.
രഹസ്യ വിവരശേഖരണ സംവിധാനം:പഞ്ചായത്തിലെ ലഹരി ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ പോലീസിനും എക്സൈസിനും ചോർന്നുപോകാതെ രഹസ്യമായി കൈമാറാൻ പ്രത്യേക വാട്സാപ്പ്/ഫോൺ ഹെൽപ്പ്ലൈൻ സംവിധാനങ്ങൾ സജ്ജമാക്കുന്നു.
ലഹരിമുക്ത അന്തരീക്ഷവും പുനരധിവാസവും:പൊതുസ്ഥലങ്ങളിലും വിജനമായ മേഖലകളിലും ലഹരിസംഘങ്ങൾ തമ്പടിക്കുന്നത് പൂർണ്ണമായി തടയുകയും, ലഹരിക്കടിമപ്പെട്ടവർക്ക് ആവശ്യമായ കൗൺസിലിംഗും ചികിത്സാ സഹായങ്ങളും നൽകി അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ പിന്തുണ നൽകുകയും ചെയ്യുന്നു.
നമുക്ക് ഒന്നിക്കാം, നമ്മുടെ നാടിനെയും വരുംതലമുറയെയും ലഹരിയിൽ നിന്ന് സംരക്ഷിക്കാം!