ഓപ്പറേഷൻ തൂഫാൻ 2.0 പ്രവർത്തനങ്ങൾ
കരിംകുളം ഗ്രാമപഞ്ചായത്ത്
ഓപ്പറേഷൻ തൂഫാൻ 2.0 (OPERATION THOOFAN 2.0)
ഓപ്പറേഷന് തൂഫാന്, ദി നാര്ക്കോ ഹണ്ട്
ലഹരി മാഫിയയുടെ വേരറുക്കാനായി കേരള പോലീസ് ആരംഭിച്ച പുതിയ പദ്ധതിയാണ് "ഓപ്പറേഷന് തൂഫാന് ദി നാര്ക്കോ ഹണ്ട് ". വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന് 2026 ജൂണ് രണ്ടിന് തിരുവനന്തപുരത്ത് കോട്ടണ് ഹില് സ്കൂളില് നടന്ന ചടങ്ങില് നിര്വ്വഹിച്ചു.
ലഹരിമാഫിയകള്ക്കെതിരെ ശക്തമായ നിയമനടപടികള് സ്വീകരിക്കുക, പൊതുജന പങ്കാളിത്തത്തോടെ വലിയൊരു ജനകീയ പ്രതിരോധം തീര്ക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ കേരള പോലീസ് ലക്ഷ്യമിടുന്നത്. സിന്തറ്റിക് ഡ്രഗ്സിന്റെ അതിവേഗ വ്യാപനത്തെ പ്രതിരോധിക്കാന് ഡിജിറ്റല് യുഗത്തിന് അനുയോജ്യമായ രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ലഹരി മാഫിയകള്ക്ക് നിയമത്തിന്റെ കര്ക്കശമായ മുന്നറിയിപ്പ് നല്കുന്നതിനോടൊപ്പം, സാധാരണക്കാര്ക്ക് പൂര്ണ്ണ സുരക്ഷിതത്വബോധം ഉറപ്പാക്കാനും ഈ ദൗത്യം ലക്ഷ്യമിടുന്നു.
അന്തര് സംസ്ഥാനലഹരി മാഫിയയെ തകര്ക്കുന്നതിനായി മറ്റു ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുമായി ആലോചിച്ചു സംയുക്ത പദ്ധതികള് ആസൂത്രണം ചെയ്യും. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള് അജ്ഞാതമായി കൈമാറാന് ആപ്പുകളും വാട്സാപ്പ് ചാറ്റ്ബോട്ടുകളും അടങ്ങുന്ന വിപുലമായ ഡിജിറ്റല് സര്വൈലന്സ് സംവിധാനം സജ്ജമാക്കും. രഹസ്യ വിവരം നല്കുന്നവരുടെ സംരക്ഷണം പോലീസ് ഉറപ്പുവരുത്തും.
ലഹരിക്കെതിരെ ജനസേന — ഞാൻ എന്റെ നാടിന്റെ കാവലാൾ!
ലഹരിമരുന്നുകളുടെ ഉപയോഗത്തിനും അനധികൃത വിപണനത്തിനുമെതിരെ കേരള പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന സമഗ്ര ജനകീയ പ്രതിരോധ പദ്ധതിയായ 'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടം (തൂഫാൻ തദ്ദേശം / തൂഫാൻ 2.0) കരിംകുളം ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്നു.
കരിംകുളം ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും പൂർണ്ണമായും ലഹരിമുക്തവും സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പ്രധാന പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും:
വാർഡ് തല തൂഫാൻ സമിതികൾ:
കരിംകുളം ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും ജനപ്രതിനിധികൾ, കുടുംബശ്രീ, ആശാ പ്രവർത്തകർ, ഹരിതകർമ്മ സേനാംഗങ്ങൾ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരെ ഉൾപ്പെടുത്തി 10 പേരടങ്ങുന്ന 'തൂഫാൻ സമിതികൾ' രൂപീകരിച്ച് പ്രദേശങ്ങളിൽ ജാഗ്രത ശക്തമാക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള സംരക്ഷണം:
ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്കൂളുകൾക്കും കോളജുകൾക്കും സമീപമുള്ള കടകളിലും പൊതുസ്ഥലങ്ങളിലും ലഹരി വിൽപനയോ കൈമാറ്റമോ നടക്കുന്നില്ല എന്ന് ഉറപ്പുവരുത്താൻ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തുന്നു.
ജനകീയ പങ്കാളിത്തവും ബോധവൽക്കരണവും:
"ഞാൻ എന്റെ നാടിന്റെ കാവലാൾ" എന്ന സന്ദേശമുയർത്തി പഞ്ചായത്തിലെ യുവജനങ്ങളെയും പൊതുജനങ്ങളെയും അണിനിരത്തി ബോധവൽക്കരണ പ്രചാരണങ്ങളും പ്രത്യേക 'തൂഫാൻ ഗ്രാമസഭകളും' സംഘടിപ്പിക്കുന്നു.
രഹസ്യ വിവരശേഖരണ സംവിധാനം:
പഞ്ചായത്തിലെ ലഹരി ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ പോലീസിനും എക്സൈസിനും ചോർന്നുപോകാതെ രഹസ്യമായി കൈമാറാൻ പ്രത്യേക വാട്സാപ്പ്/ഫോൺ ഹെൽപ്പ്ലൈൻ സംവിധാനങ്ങൾ സജ്ജമാക്കുന്നു.
ലഹരിമുക്ത അന്തരീക്ഷവും പുനരധിവാസവും:
പൊതുസ്ഥലങ്ങളിലും വിജനമായ മേഖലകളിലും ലഹരിസംഘങ്ങൾ തമ്പടിക്കുന്നത് പൂർണ്ണമായി തടയുകയും, ലഹരിക്കടിമപ്പെട്ടവർക്ക് ആവശ്യമായ കൗൺസിലിംഗും ചികിത്സാ സഹായങ്ങളും നൽകി അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ പിന്തുണ നൽകുകയും ചെയ്യുന്നു.
നമുക്ക് ഒന്നിക്കാം, നമ്മുടെ നാടിനെയും വരുംതലമുറയെയും ലഹരിയിൽ നിന്ന് സംരക്ഷിക്കാം!